Monday, February 4, 2013

കാന്‍സര്‍ -സംശയങ്ങളും മറുപടികളും

കാന്‍സര്‍ എന്നാല്‍ മരണമെന്നാണ് ആളുകള്‍ കരുതുന്നത്. ഈ രോഗത്തെപ്പറ്റി നിരവധി സംശയങ്ങളുണ്ട്. മാരക രോഗമായ കാന്‍സറിനെക്കുറിച്ച് 20 സംശയങ്ങളും അവയ്ക്കു ഡോക്ടര്‍ നല്‍കുന്ന മറുപടികളും.

  • കാന്‍സര്‍ തലമുറകളിലൂടെ പകരുമോ ? അച്ഛനോ അമ്മയ് ക്കോ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമോ കാന്‍സര്‍ വന്നിട്ടുള്ള ഒരാള്‍ക്കു കാന്‍സര്‍ വരാനുള്ള സാദ്ധ്യത കൂടുതലുണ്ടോ ?
കാന്‍സര്‍ ഒരു പാരമ്പര്യരോഗമല്ല. തലമുറകളിലൂടെ ഇതു പകരുകയുമില്ല. എന്നാല്‍, സ്തനാര്‍ബുദം, വന്‍കുടലില്‍ ഉണ്ടാവുന്ന കാന്‍സര്‍ ഇവ വളരെ അപൂര്‍വമായി മാത്രം ചില കുടുംബങ്ങളില്‍ അടുത്ത ബന്ധുക്കളില്‍ കാണാറുണ്ട്. അമ്മയ്ക്കും മകള്‍ക്കും സഹോദരിമാര്‍ക്കും എന്നിങ്ങനെ. 30 വയസിനു മുമ്പേ സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ പാരമ്പര്യത്തിന്റെ സ്വാധീനം കൊണ്ടാണെന്നു പറയാം. അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമോ വന്‍കുടലിലെ കാന്‍സറോ ഇരുപതുവയസിനു മുമ്പു കാണപ്പെട്ടിട്ടുണ്ടെങ്കില്‍ ഇരുപതു വയസു മുതല്‍ പരിശോധന നടത്തണം.

സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ നേരത്തെ തിരിച്ചറിയാം. സ്തനത്തില്‍ നിന്ന് ഏതെങ്കിലും വിധത്തിലു ള്ള ഡിസ്ചാര്‍ജ് ഉണ്ടാകുന്നു ണ്ടോ എന്നും പരിശോധിക്കണം. പാരമ്പര്യമായി രോഗസാധ്യതയുള്ള വര്‍ മുപ്പതു വയസു കഴിഞ്ഞാല്‍ എല്ലാവര്‍ഷവും സര്‍ജനെകൊണ്ടു പരിശോധിപ്പിക്കണം. ആശുപത്രിയില്‍ പോയി വര്‍ഷത്തി ലൊരിക്കല്‍ ബേസ്ലൈന്‍ മാമോഗ്രാം ചെയ്യണം. വന്‍കുടലിലെ കാന്‍സര്‍ തിരിച്ചറിയാന്‍ കോളനോസ്ക്കോപ്പി സഹായിക്കും. പാരമ്പര്യമായി ഈ രോഗമുണ്ടാവാന്‍ സാദ്ധ്യതയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ കോളനോസ്ക്കോപ്പി ചെയ്യണം.

  • കാന്‍സര്‍ രോഗിയെ പരിചരിച്ചാല്‍ രോഗം പകരുമോ ?
കാന്‍സര്‍ രോഗിയുമായി അടുത്തു പെരുമാറുന്നവരിലേക്ക് ഈ രോഗം പകരില്ല. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കള്‍ മൂലമല്ല കാന്‍സര്‍ ഉണ്ടാവുന്നത്. അതുകൊണ്ട് വായുവിലൂടെയോ വെള്ളത്തിലൂടെയോ ഈ രോഗം പകരില്ല. കോശങ്ങളെ ബാധിക്കുന്ന രോഗമായ കാന്‍സര്‍ എയ്ഡ്സ് പോലെ ലൈംഗികബന്ധ ത്തിലൂടെയോ രക്തദാനത്തിലൂടെയോ പകരുകയില്ല. കാന്‍സര്‍ രോഗിയെ പരിചരിക്കുന്ന ആര്‍ക്കും രോഗം പകരുമെന്ന ഭയം ആവശ്യമില്ല.
  • അമിതവണ്ണം കാന്‍സറിനു കാരണമായിത്തീരുമോ ?
മൃഗക്കൊഴുപ്പ് ഏറെ അടങ്ങിയ ആഹാരം കഴിക്കുന്നവരില്‍ കാന്‍സര്‍ സാദ്ധ്യത കൂടുന്നതായി പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ മുഴകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കൊഴുപ്പിനു കഴിവുണ്ട്. കൊഴുപ്പിന്റെ അഭാവ ത്തില്‍ കാന്‍സര്‍ കോശങ്ങള്‍ പ്രവര്‍ത്തനരഹിതമായിരിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാട്ടിറച്ചിയും മറ്റും കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. മാംസാഹാരം കഴിക്കുന്നതിനൊപ്പം ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഇലക്കറികള്‍, കാരറ്റ്, മത്തങ്ങ, ഓറഞ്ച്, നാരങ്ങ, ബ്രോക്കോളി, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഇവ ധാരാളം കഴിക്കണം.
  • എല്ലാ ട്യൂമറുകളും കാന്‍സറായി മാറുമോ ?
ശരീരത്തിലുള്ള എല്ലാ മുഴകളും കാന്‍സര്‍ ആയിരിക്കണമെന്നില്ല. ശരീരത്തിലുള്ള മുഴകളോ മറുകുകളോ പെട്ടെന്ന് വലുതാവുക, വേദനയുണ്ടാവുക, പഴുക്കുക, വ്രണങ്ങള്‍ ഉണങ്ങിയ ശേഷം വീണ്ടും വരിക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സൂക്ഷിക്കണം. ഒരു സര്‍ജനെ കണ്ടു രോഗം കാന്‍സറല്ലെന്ന് ഉറപ്പുവരുത്താന്‍ മടിക്കരുത്.
  • കാരറ്റ് കഴിച്ചാല്‍ കാന്‍സര്‍ തടയാമോ ?
കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിനു ആവശ്യനേരത്തു കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്. ശ്വാസകോശത്തിലും വൃക്കകളിലും കരളിലും കൊഴുപ്പുകണങ്ങളിലുമെല്ലാം ശേഖരിക്കപ്പെടുന്ന ബീറ്റാകരോട്ടിന്‍ ആവശ്യനേരത്തു കാന്‍സറിനെതിരെ മരുന്നുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.കൊഴുപ്പു കുറഞ്ഞതും നാരുകള്‍ കൂടുതലടങ്ങിയതുമായ ആഹാരം കൂടുതല്‍ കഴിക്കണം. ഗ്രീന്‍ സാലഡ് , വാഴക്കൂമ്പു കട്ലറ്റ്, ചേന, കാച്ചില്‍, പുഴുക്ക് തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ കാന്‍സറിനെ ചെറുക്കും.
  • മൈക്രോവേവ് അവ്നില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ കാന്‍സറുണ്ടാവുമോ ?
മൈക്രോവേവ് അവ്നില്‍ ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളാണ് ആഹാരം പകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
ഈ തരംഗങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ തങ്ങി നില്‍ക്കുന്നില്ല. അതുകൊണ്ട് ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ പ്രത്യേകമായ മാറ്റങ്ങളൊന്നും ഉണ്ടാവുന്നുമില്ല. കാന്‍സറുണ്ടാവുമെന്നു ഭയന്നു മൈക്രോവേവ് അവ്ന്‍ ഉപയോഗിക്കാതിരിക്കുന്നതില്‍ അര്‍ഥമില്ല. പക്ഷേ, അവ്ന്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കണം. കുഞ്ഞുങ്ങളുടെ ഭക്ഷണം പാകം ചെയ്യുക, പാല്‍ക്കുപ്പി തിളപ്പിക്കുക ഇവയെല്ലാം മൈക്രോവേവ് അവ്നില്‍ ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം.
  • കാന്‍സര്‍ ഭേദമായാലും പിന്നെ അധികകാലമൊന്നും ജീവിച്ചിരിക്കില്ല എന്ന ധാരണ ശരിയാണോ?
തികച്ചും തെറ്റായ വിശ്വാസമാണിത്. ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ തുടങ്ങിയാല്‍ രോഗം മുഴുവനായും ഭേദമാക്കാന്‍ കഴിയും. 75 ശതമാനം കുട്ടികളിലെ കാന്‍സറുകളും മുഴുവനായും സുഖപ്പെടുന്നുണ്ട്. രോഗം കണ്ടെത്താന്‍ വൈകിയാലും ആയുസു നീട്ടാന്‍ മരുന്നുകള്‍ കൊണ്ടു കഴിയും.
  • കാന്‍സറിനു ചികിത്സിച്ചാല്‍ മുടി പോകും പിന്നെ മുടി വളരില്ലേ?
കീമോതെറപ്പിയില്‍ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്. വേഗത്തില്‍ വളരുന്ന മുടിയിലെ ഫോളിക്കിളുകളെ ഇതു ബാധിക്കുന്നതുമൂലം മുടി കൊഴിയും. എന്നാല്‍, ചികിത്സയ്ക്കു ശേഷം മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍ മുടി വളര്‍ന്നു തുടങ്ങും. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുളളില്‍ മുടി പഴയ അവസ്ഥയിലാവും.
  • ഏതു കാന്‍സര്‍ വന്നാലും വേദനയ്ക്കു കുറവുണ്ടാവില്ല?
എല്ലുകളെയോ മജ്ജയെയോ ബാധിക്കുന്ന കാന്‍സറുകള്‍ക്കേ ആദ്യ ഘട്ടത്തില്‍ വേദനയുണ്ടാവൂ. വേദനയില്ലാത്തതു കൊണ്ടാണു പല കാന്‍സറുകളും നേരത്തെ തിരിച്ചറിയപ്പെടാത്തതും ചികിത്സ തേടാന്‍ വൈകുന്നതും. ചികിത്സയോടൊപ്പം ശക്തിയുള്ള വേദന സംഹാരി കള്‍ ഉപയോഗിച്ചു വേദന നിയന്ത്രിച്ചു നിര്‍ത്താം.
  • ചെടിയില്‍ തളിക്കുന്ന കീടനാശിനികളും ചിതലിനെ കൊല്ലുന്ന മരുന്നുകളും കാന്‍സറുണ്ടാക്കുമോ?
കീടനാശിനികളില്‍ അടങ്ങിയ രാസവസ്തുക്കള്‍ കാന്‍സറിനു കാരണ മായിത്തീരാം. അതുകൊണ്ട് വീട്ടില്‍ പച്ചക്കറികള്‍ കൃഷിചെയ്യുമ്പോള്‍ രാസകീടനാശിനികള്‍ ഒഴിവാക്കണം. പുകയിലക്കഷായം പോലുള്ള ജൈവ കീടനാശിനികള്‍ മാത്രം ഉപയോഗിച്ചു പച്ചക്കറികളും പഴങ്ങഴും കൃഷി ചെയ്യുക. കടകളില്‍ നിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കഴുകി മൂന്നുമണിക്കൂര്‍ നേരമെങ്കിലും ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ചതിനു ശേഷം വീണ്ടും കഴുകി വേണം ഉപയോഗിക്കാന്‍. ഉപ്പിനു പകരം വിനാഗിരി കലര്‍ത്തിയ വെള്ളവും ഉപയോഗിക്കാം.
  • കാന്‍സര്‍ വന്നാല്‍ മൂക്കില്‍കൂടി രക്തം വരുന്നതായി പഴയകാല സിനിമകളില്‍ കണ്ടിട്ടുണ്ട്. ഇതു സത്യമാണോ ?
രക്താര്‍ബുദത്തിനാണ് ഈ രോഗലക്ഷണം സാധാരണയായി കാണപ്പെടുന്നത്. സുഖപ്പെടുത്താന്‍ കഴിയാത്ത ഒരു രോഗമായി രക്താര്‍ബുദം പണ്ടുകാലത്തു കരുതിയിരുന്നതിനാലാവണം ഈ ലക്ഷണം സിനിമകളില്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്.
  • സ്തനാര്‍ബുദം പുരുഷന്മാര്‍ക്ക് ഉണ്ടാവുമോ ?
പുരുഷന്മാര്‍ക്കും സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ട്. മദ്ധ്യവയസിലോ അതിനുശേഷമോ ആണു പുരുഷന് ഈ രോഗം പിടിപെടുന്നതായി കാണുന്നത്. പുരുഷന്മാരില്‍ സ്തനാര്‍ബുദ ലക്ഷണമായ മുഴകള്‍ നേരത്തെ തിരിച്ചറി യാന്‍ കഴിയുന്നതുകൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ ഭേദമാക്കാന്‍ കഴിയും. രോഗം പിടിപെട്ട് ഒന്ന് ഒന്നര വര്‍ഷം കഴിയുമ്പോ ഴാണ് മാറിടത്തില്‍ മുഴ പ്രത്യക്ഷപ്പെടുക. സാധാരണയായി മൂന്നു സെന്റിമീറ്ററില്‍ താഴയേ ഈ മുഴകള്‍ക്കു വലുപ്പമുണ്ടാവൂ. വേദനയില്ലാ ത്ത മുഴയുണ്ടാവുക, മുലഞെട്ട് അകത്തേ യ്ക്കു തിരിഞ്ഞിരിക്കുക
തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. സ്തനാര്‍ബുദത്തിനു സ്ത്രീകള്‍ ക്കു നല്കുന്ന അതേ ചികിത്സയാണു പുരുഷന്മാര്‍ക്കും നല്‍കുന്നത്.
  • ശരീരത്തില്‍ ഒരു മുഴ കണ്ടാല്‍ അതു കാന്‍സര്‍ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കേണ്ട കാര്യമുണ്ടോ ?
കാന്‍സര്‍ എന്നു സംശയിക്കുന്ന മുഴയുണ്ടായാല്‍ പല പല ഡോക്ടര്‍മാരെ മാറി മാറി കാണുന്നതില്‍ അര്‍ഥമില്ല. അസാധാരണമായ ഒരു മുഴ കണ്ടാല്‍ പെട്ടെന്നു തിരിച്ചറിയാന്‍ ഒരു പക്ഷേ, നിങ്ങള്‍ സ്ഥിരമായി കാണുന്ന ഫിസിഷ്യനു വേഗത്തില്‍ കഴിയും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമുണ്ടെങ്കില്‍ മാത്രം മറ്റു പരിശോധന കള്‍ നടത്തുകയും അപകടമില്ലെന്ന് ഉറപ്പാക്കുകയു ചെയ്യുക.
  • സെല്‍ഫോണിന്റെ ഉപയോഗം കാന്‍സറുണ്ടാക്കുമോ ?
സെല്‍ഫോണിന്റെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കുമെന്ന് ഇതുവരെ പഠനങ്ങള്‍ തെളിയിച്ചിട്ടില്ല. ബ്രിട്ടനില്‍ നടത്തി യ ഒരു പഠനത്തില്‍ പത്തു വര്‍ഷം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നവരെ പഠന വിധേയമാക്കി യെങ്കിലും ഇതുമൂലം കാന്‍സറുണ്ടായതായി കണ്ടെത്തിയില്ല. സെല്‍ഫോണില്‍ നിന്ന് ഉണ്ടാവുന്ന റേഡിയേഷന്റെ അളവു തീരെ കുറവായതിനാല്‍ അതു നേരിട്ടു കാന്‍സറിനു കാരണമാ കുന്നില്ലെന്നാണു പഠനങ്ങള്‍ പറയുന്നത്. എങ്കിലും നാല്‍പതോ അമ്പതോ വര്‍ഷം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാകുമോ യെന്ന് ഇപ്പോള്‍ പറയാനാ വില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതു നല്ലതാണ്. 'ഹാന്‍ഡ്സ് ഫ്രീ സെറ്റുകള്‍ ഉപയോഗിക്കുന്നതു മൂലം ഏറെനേരം സെറ്റ് ശരീരത്തോടു ചേര്‍ത്തു പിടിക്കുന്നത് ഒഴിവാക്കാം. പതിനാറുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ സെല്‍ഫോണ്‍ ഏറെ സമയം ഉപയോഗിക്കാന്‍ അനുവദിക്കരുത്. നാഡീവ്യവസ്ഥ പൂര്‍ണമായി വികാസം പ്രാപിച്ചിട്ടി ല്ലാത്തതുകൊണ്ട് റേഡിയേഷന്മൂലം അപകടം ഉണ്ടാവാം.

ഡോ. ടി. ജെ അനില്‍
ഓങ്കോളജിസ്റ്റ്, അമല കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍.

Sunday, December 23, 2012

പനിയെ ഭയപ്പെടേണ്ട-ബോഡ് സ്ഥാപിച്ചു

ഏഴിക്കര ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം 2012 ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച പനിയെ ഭയപ്പെടേണ്ട എന്ന ഫ്ലക്സ് ബോഡിന്റെ കണ്ണന്‍ചിറ ജങ്ഷനിലെ സ്ഥാപനം പറവൂര്‍ എം എല്‍ എ ബഹുമാനപ്പെട്ട വി ഡി സതീശന്‍ നിര്‍വഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം കെ എസ് ബിനോയ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് ജിജികുമാര്‍, വാര്‍ഡ് മെംബര്‍ ശ്രീജ അനില്‍കുമാര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സുദേഷ് എം ആര്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ പി ആര്‍ ലിബിന്‍ എന്നിവര്‍ പങ്കെടുത്തു.

8 X 6 അടി വലുപ്പത്തില്‍ മേല്‍ത്തരം ഫ്ലക്സില്‍ മെറ്റല്‍ ഫ്രെയിമില്‍ ചെയ്ത ബോഡ് സ്ഥിരമായി ഉറപ്പിച്ചിരിക്കയാണ്. ഇത്തരത്തിലുള്ള വേറെ 6 ബോഡുകള്‍ കൂടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുന്നുണ്ട്.

Monday, December 17, 2012

പകര്‍ച്ചേതര രോഗങ്ങളുടെ നിര്‍ണയം

ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന , പകര്‍ച്ചേതര രോഗങ്ങളു(Non Communicable Diseases)ടെ നിര്‍ണയക്യാമ്പ് ഏഴിക്കര ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടക്കുന്നു.


രോഗ നിര്‍ണയ ക്യാമ്പുകള്‍
സ്ഥലം
തീയതി
സമയം
അങ്കണവാടി 93 ചാത്തനാട്
20/12/2012 വ്യാഴം
രാവിലെ10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
കലാവേദി,നന്ത്യാട്ടുകുന്നം
10/01/2013 വ്യാഴം
രാവിലെ10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
ജനസേവ കേന്ദ്രം, പെരുമ്പടന്ന
15/01/2013 ചൊവ്വ
രാവിലെ10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
അങ്കണവാടി, കടക്കര കവല
17/01/2013 വ്യാഴം
രാവിലെ10 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
താഴെ പറയുന്ന ചോദ്യങ്ങളിലേതിനെങ്കിലും അതെ/ഉണ്ട് എന്ന ഉത്തരമുള്ള, 30 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ക്യാമ്പില്‍ പങ്കെടുത്ത് രോഗനിര്‍ണയം നടത്താവുന്നതാണ്.
1. പ്രമേഹത്തിന്റെയോ രക്താതിമാര്‍ദത്തിന്റെയോ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോ?
2. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി പ്രമേഹമുണ്ടോ?
3. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാരമ്പര്യമായി രക്താതിമര്‍ദമുണ്ടോ?
4. മുന്‍പ് എപ്പോഴെങ്കിലും പ്രമേഹമുണ്ടായിട്ടുണ്ടോ?
5. മുന്‍പ് എപ്പോഴെങ്കിലും രക്താതിമര്‍ദമുണ്ടായിട്ടുണ്ടോ?
6.പ്രമേഹമോ രക്താതിമര്‍ദമോ മുന്‍പ് എപ്പോഴെങ്കിലും കണ്ടുപിടിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടുണ്ടോ?
7. നാലു കിലോയില്‍ കൂടുതലുള്ള കുഞ്ഞിനു ജന്മം നല്‍കിയിട്ടുണ്ടോ
8. അമിതവണ്ണം/പൊണ്ണത്തടി ഉണ്ടോ?

Friday, November 30, 2012

ആര്‍ഷ് സെമിനാര്‍

ARSH (Adolescent Reproductive Sexual Health) സെമിനാര്‍ ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏഴിക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2012 നവംബര്‍ 21ന് നടത്തി.

ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി  ഡോ. വിനീത പ്രമോദ് (പീഡിയാട്രീഷ്യന്‍, താലൂക്ക് ആശുപത്രി, മട്ടാഞ്ചേരി) കൌമാര ലൈംഗിക വിദ്യാഭ്യാസ ക്ലാസെടുത്തു.

ജെ എച്ച് ഐ പ്രമോദ് ബാബു അനുഭവം പങ്കു വയ്ക്കുന്നു
 ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ് ഡോ ആര്‍ ശ്രീലതാ ദേവി കുട്ടികളുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കി.

 പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി കെ ഗ്രേസി , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ സി ആര്‍ പ്രമോദ് ബാബു, പീ ആര്‍ ലിബിന്‍ ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലൈജു ടൈറ്റസ്, സ്കൂള്‍ കൌണ്‍സിലര്‍ ബില്‍ജി, സ്കൂള്‍ ഹെല്‍ത്ത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കെ കെ അജിതകുമാരി തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

 സ്കൂളിലെ ഹെല്‍ത്ത് ക്ലബ് അധ്യാപികമാരും പങ്കെടുത്തു.

പി എച്ച് എന്‍ ഗ്രേസി അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു---------------------------





സ്കൂള്‍ ഹെല്‍ത്ത് ജെ പി എച്ച് എന്‍ അജിതകുമാരി സംസാരിക്കുന്നു

Sunday, November 18, 2012

ഡ്രൈഡേ ആചരണം ഉദ്ഘാടനം

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത എന്ന മുദ്രാവാക്യവുമായി അടുത്ത മൂന്നു ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കണമെന്ന സന്ദേശവുമായി ആരോഗ്യ പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും ഭവന സന്ദര്‍ശനം നടത്തുന്നു. ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് പ്രസ്തുത പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. പറവൂര്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം നടത്തി. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എ രാജഗോപാല്‍ പ്രസംഗിച്ചു.

വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിനു വെബ്സൈറ്റ്

ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ചു. ഞായറാഴ്ച(2012 നവം 18) രാവിലെ സി.എച്.സിയില്‍ നടന്ന ചടങ്ങില്‍ പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.രാജഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്-ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണി കാര്‍ത്തികേയന്‍ ,ഗിരിജ  പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലതാദേവിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി എ സുദര്‍ശനനും ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ എം ആര്‍ സുദേഷും ചേര്‍ന്നാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്  12-ാം പഞ്ചവത്സര പദ്ധതിയിലെ പ്രൊജക്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ആദ്യ പോസ്റ്റില്‍ . കൂടാതെ വിവിധ സര്‍ക്കാര്‍ സൈറ്റുകളിലേക്ക് എളുപ്പത്തില്‍ കടക്കാനുള്ള ലിങ്കുകള്‍ പ്രത്യേക പേജില്‍ നല്‍കിയിട്ടുണ്ട് .
എല്ലാ മലയാള-ഇംഗ്ളീഷ് ദിനപത്രങ്ങളുടെയും ലിങ്ക് സൈറ്റിലുണ്ട്. ആരോഗ്യവിദ്യാഭ്യാസത്തിന് ഉപയോഗിക്കാവുന്ന പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം സൈറ്റില്‍നിന്ന്.  പറവൂര്‍ ബ്ളോക് പഞ്ചായത്ത്, ഏഴിക്കര ഗ്രാമപഞ്ചായത്ത് ഇവയെക്കുറിച്ചും മെംബര്‍മാരെക്കുറിച്ചറിയാനും സൈറ്റ് നോക്കിയാല്‍ മതി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ഫോണ്‍നംബറും ഈമെയില്‍ വിലാസവും ഈ സൈറ്റ് നോക്കിയാല്‍ അറിയാനാകും.  ആരോഗ്യസംബന്ധമായ വാര്‍ത്തകളും ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൈറ്റിലൂടെ ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഏഴിക്കരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍.